Story No. 2 *ഇനിയും കാണാൻ കഴിയാതെ* by Reji Nithin

  വരണ മാല്യത്തിന്റെയും, മംഗള ഘോഷങ്ങളുടെയും, അനുഗ്രഹാശിസുകൾ നൽകുന്ന ഒരു ജനക്കൂട്ടത്തിന്റെയും ഓർമകളാണ് ഇപ്പോൾ എന്റെ സ്വപ്നത്തിൽ അധികവും. ഇത് കേൾക്കുമ്പോൾ നിങ്ങൾ എന്നെ കാണേണ്ടത് വിവാഹ സ്വപ്നവുമായി കഴിയുന്ന നവവരനായല്ല. ജീവിതത്തിലെ തന്നെ ഓഡിറ്റോറിയത്തിൽ നിന്ന് പുറത്താകാൻ നിൽക്കുന്ന ഒരു പടു വൃദ്ധനെയാണ്. ഒരാളുടെയും മുഖം കാണാതെ, നൊമ്പരങ്ങളുടെ ആഴമറിയാതെ, കണ്ണുകളിൽ വികാരം തടഞ്ഞുനിർത്തുന്ന കൊറോണ കാലം. ഇന്ന് ഞാനും കൊറോണയുടെ പ്രസാദാത്മകത നിലനിർത്തി തടവറയിൽ  മരുന്നിന്റെ  ലോകത്താണ്.


        "അപ്പൂപ്പാ  എന്താ സ്വപ്നം കാണുന്നത്?”. വിവാഹം ആണെന്ന് പറഞ്ഞാൽ ഇരുപത്തിയഞ്ചിലെത്തി നിൽക്കുന്ന  സുന്ദരിയായ നേഴ്സ് ഇനി എനിക്ക് മരുന്നെങ്ങാനും മാറി കുത്തും. ഞാനൊന്നും പറഞ്ഞില്ല. വീണ്ടും ഞാൻ വിവാഹ ഓഡിറ്റോറിയത്തിലേക്ക് കടന്നു. ഒരുപാട് പേരെ വകഞ്ഞു മാറ്റി മുന്നിലേക്ക് പോയി.  എനിക്ക് പയ്യനെയും പെണ്ണിനെയും കാണാൻ കഴിഞ്ഞില്ല. വീണ്ടും അനിശ്ചിതത്വത്തിന്റെ  മണിക്കൂറുകൾ. "അപ്പൂപ്പാ" എന്ന വിളികേട്ട് ഉറക്കത്തിന്റെ  സമയം എന്നെ വിട്ടു വീണ്ടും  ഒഴിഞ്ഞു. നേഴ്സ് മോളാണ്. മരുന്നു കഴിച്ചു കിടന്നു. എന്തൊരു വിധിയാണിത്. എല്ലാവരുമുള്ള ഞാനിപ്പോൾ ഒരു നേഴ്സിന്റെ ആജ്ഞകൾക്ക് അനുസരിച്ച് കിടക്കുന്നു, ഉറങ്ങുന്നു, ഉണരുന്നു, കഴിക്കുന്നു. ഭാര്യയോ മകനോ അടുത്തുണ്ടായിരുന്നെങ്കിൽ എന്റെ ഇഷ്ടങ്ങൾ ഒക്കെ നടക്കുമായിരുന്നു. 'എല്ലാവരെയും അകറ്റുന്ന കൊറോണ മനുഷ്യബന്ധങ്ങളുടെ വിടവ് കൂട്ടുന്ന ആഗോള ദുരന്തമാണ്' എന്ന് ഏതെങ്കിലും കവലയിൽ നാലാളെ കൂട്ടി പ്രസംഗിക്കാൻ തോന്നി.  എന്നാൽ ഇത് കേൾക്കാൻ പോലും ആളുകൂടാത്ത അവസ്ഥയോർത്തു  ഞാൻ പരിതപിച്ചു. കേൾക്കാൻ ആളില്ലാത്ത,  കാണുവാൻ ആരുമില്ലാത്ത ലോകത്തിന്റെ  പരാജയത്തിൽ കൊറോണ കൂടി പങ്കാളിയാകുന്നു.


ഇന്ന് അൻപതു  വയസ്സ് കഴിഞ്ഞ എല്ലാവരും പറയുന്നതുപോലെ ഊണിനും ഉടുപ്പിനും താരതമ്യേന ദൗർലഭ്യം ഉള്ളതായിരുന്നു എന്റെ കുട്ടിക്കാലവും, വളർച്ചയും. അന്നൊക്കെ ഗൾഫ് ഏതൊരു മലയാളിയുടെയും പൊന്ന്, മണൽ  പോലെ കിട്ടുന്ന സമ്പത്തിന്റെ ഉറവയായിരുന്നു. നമ്മുടെ വീടും പഴയ ഗൾഫുകാരുടെ പുത്തൻ മാതൃകയിലാണ് ഇപ്പോഴും. പത്താം ക്ലാസ് പാസ് ആകുന്ന അധികംപേര് അക്കാലത്ത് ഇല്ലാത്തതുകൊണ്ട് പഠനവും നീണ്ടു പോയില്ല. എങ്ങോട്ടാണ്പോകേണ്ടത് എന്നറിയാതെ നിൽക്കുമ്പോഴാണ് ചിറ്റയുടെ അനിയൻ വക എനിക്ക് ഒരു വിസ ഓഫർ വന്നത്. എന്ത് ജോലി എന്ന് പോലും അറിയാതെ പതിനെട്ടാം വയസ്സിൽ പറക്കുന്ന പേടകത്തിൽ കയറി, എങ്ങോട്ടാണ് എന്ന  ധാരണ പോലുമില്ലാതെ സ്വപ്നങ്ങൾക്ക് ചിറകേറ്റി.


പിന്നെ ഉണ്ടായിരുന്നത് കുറെ യാന്ത്രികത നിറഞ്ഞ വർഷങ്ങൾ. എന്റെ കുടുംബം വളർന്നു. ഞാൻ മാത്രം ഏതോ നാട്ടിൽ അഭയാർത്ഥി. എന്നിലൂടെ എല്ലാവരും സ്വന്തം നാട്ടിൽ പച്ചപ്പിന്റെ മുകുളം അണിഞ്ഞു. അവസാനത്തെ സഹോദരിയുടെ വിവാഹം കൂടിയാണ് ഇനി സ്വപ്നം. അതും നടക്കും. ഞാൻ ഇന്ന് പണം വാരുന്ന  മെഷീനാണ്. അറബി നാട്ടിൽ നിന്നുകൊണ്ട് തന്നെ അവളുടെ കല്യാണം ഉറപ്പിച്ചു. വിവാഹത്തിന് നാട്ടിലെത്താം എന്ന് ഉറപ്പുനൽകി. പുതുമണവാളനും ഈ മണലാരണ്യത്തിലേക്ക് വരാൻ കാത്തിരിപ്പാണ്.


ഒരു മാസം കഴിഞ്ഞുള്ള വിവാഹത്തിന് ഞാൻ നേരത്തെ തന്നെ അവധി അപേക്ഷനൽകി. അനുമതി കിട്ടാതിരിക്കാൻ വേറെ തക്കതായ കാരണങ്ങൾഒന്നുമില്ല. പെങ്ങൾ ഇടയ്ക്കിടെ ഫോൺ വിളിക്കും. അമ്മ വിളിച്ച് പല കാര്യങ്ങളെക്കുറിച്ചും പറയും. ഞാൻ വന്നിട്ട് എല്ലാം ചെയ്യാം എന്ന് ഉറപ്പു കൊടുത്തു. പതിനഞ്ചു ദിവസത്തിനകത്ത് ലീവ് കിട്ടാനിരിക്കെ   പെട്ടെന്നാണ് ബോംബുകളും, ഷെല്ലുകളും എന്റെ സ്വപ്നത്തിലേക്ക് പതിച്ചത്-കുവൈറ്റ് യുദ്ധം.  റൂമിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. കമ്പനി പൂട്ടി. വിസ പുതുക്കുന്നില്ല. ഗതാഗതം താറുമാറായി. ഭക്ഷണം കിട്ടുമോ എന്ന് അറിയാത്ത അവസ്ഥ. വീട്ടിൽ എന്തായി എന്നു പോലും അറിയാൻ പറ്റുന്നില്ല. എന്തായാലും ഇപ്പോൾ ഒന്നും നാട്ടിലെത്താൻ പറ്റില്ലെന്ന് മനസ്സിലായി.


അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം ആശുപത്രി സേവനങ്ങൾക്ക് മാത്രമായി ഗതാഗതം അനുവദിച്ചു തുടങ്ങി. അതും വളരെ അത്യാവശ്യങ്ങൾക്ക് മാത്രം-പ്രത്യേക അനുമതിയോടെ. എനിക്ക് വീട്ടിൽ ഒന്നും വിളിച്ചാൽ മതിയായിരുന്നു. ഒരുപാട് പേപ്പറുകൾ കൃത്രിമമായി ശരിയായതിനു ശേഷം  മാത്രമാണ് എനിക്കൊരു കോൾ ചെയ്യാനുള്ള അനുമതി കിട്ടിയത്. വിളിച്ചത് മാത്രം ഓർമ്മയുണ്ട്. പിന്നെ കുറെ നേരം പെരുമഴയായിരുന്നു. ഞാൻ ഒന്നും പറഞ്ഞില്ല. പിന്നെയും കുറെ ബാങ്ക് ചെക്കുകൾ എനിക്ക് പകരം വീട്ടിലേക്ക് ഒഴുകി. വിവാഹം കഴിഞ്ഞു. യുദ്ധവും മെല്ലെ കളമൊഴിഞ്ഞു.


വീട് ദൂരെ തന്നെ നിന്നു. കവറിൽ വന്ന ഒരു ഫോട്ടോയിൽ പെങ്ങളുടെ കല്യാണം ഒതുങ്ങി. അതും മാസങ്ങൾ കഴിഞ്ഞ്. അളിയൻ കൊള്ളാം.  ഇരുനിറം, നീണ്ട മൂക്ക്, നന്നേ  ചെറിയ തടിയുള്ള മനുഷ്യൻ-ഇതാണ് ഞാൻ കണ്ട രൂപം. വീടിന്റ  കോലായിൽ അവർ ഒരുമിച്ച് നിൽക്കുന്നത് ഞാൻ സ്വപ്നം കണ്ടു.


"അപ്പൂപ്പാ "വീണ്ടും നേഴ്സ് വന്നു. ഇത്തവണ ഷിഫ്റ്റ് മാറി വന്ന വേറൊരു മാലാഖ. കൂടെ ഒരു കുട്ടിഡോക്ടറും. സ്വപ്നം കണ്ട് ഉറങ്ങുന്നതിൽ നിന്ന്  എഴുന്നേൽപ്പിച്ചാൽ ഇവർക്ക് എന്ത് സുഖമാണ് കിട്ടുന്നത്?. ഇനി ചിലപ്പോൾ ഒരു നീണ്ട സ്വപ്നത്തിലേക്ക് വഴുതി വീണേക്കാം  എന്നത് വാസ്തവം. അവർക്ക് റിപ്പോർട്ട് എഴുതണമല്ലോ.

രണ്ടു വർഷത്തിനുശേഷം അവധി കിട്ടി നാട്ടിൽ എത്തുമ്പോൾ സഹോദരിയുടെ ഭർത്താവ് വിദേശത്തേക്ക് പറന്നു. പിന്നെയും കുറെ വർഷങ്ങൾ. പരസ്പരം കാണാതെ രണ്ടുപേരും പറന്നു അങ്ങോട്ടും ഇങ്ങോട്ടും. അതുപോലെ പറന്നു കാലവും. അറിയില്ല എന്തിനായിരുന്നുവെന്ന്? ഇപ്പോൾ ഈ കിടക്കയിലും ഒരു മുഖം ഞാൻ കാണാൻ കാത്തിരിക്കുന്നു. അതെന്റെ പ്രേയസിയുടേതല്ല. കേട്ടാൽ   ആരും ചിരിച്ചു പോകും. അതെന്റെ അളിയന്റെയാണ്. കാലത്തിന്റെ പുതിയ കയ്യൊപ്പിൽ ഞാൻ ആ മുഖം കണ്ടു, ഒരുപാട് തവണ. എന്നാലും നേർക്കുനേരെ കാണാൻ, കയ്യിൽ പിടിക്കാൻ, ചേർത്തുനിർത്താൻ............... ഇനി നടക്കുമെന്ന് തോന്നുന്നില്ല. ഇന്ന് നമ്മൾ രണ്ടുപേരും വെന്റിലേറ്ററിൽ  ആണ്. എന്നെ കൊറോണയും, അവനെ അർബുദവും  തിന്നുകൊണ്ടിരിക്കുന്നു.


അളിയനെ കാണാൻ കൊതിക്കുന്ന ഒരാളുടെ അവസ്ഥ ഈ ലോകത്തിൽ ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ എന്ന് അറിയില്ല. അത് എങ്ങനെ എന്ന് പറഞ്ഞു തരാനും അറിയില്ല. "അപ്പൂപ്പാ " വീണ്ടും നേഴ്സ് വന്നു ഞാൻ മറുപടി പറഞ്ഞില്ല. വീണ്ടും വിളിച്ചു. മറുപടിക്ക് മനസ്സ് വന്നില്ല.  ഐസിയു മാത്രമല്ല എല്ലാം എന്നെ മടുപ്പിച്ചിരിക്കുന്നു. നേഴ്സ്, ഡോക്ടറെയും കൂട്ടി വന്നു. ഹൃദയമിടിപ്പ് നോക്കി. അത് ഇടിക്കുന്നുണ്ട്. ആശ്വാസം അവരുടെ മുഖത്ത്. എന്തിനാണ് ഈ ആശ്വാസം, ഞാൻ മരിക്കാത്തതുകൊണ്ടാണോ, എന്റെ  ആരാണിവർ,  അമ്മയോ, സഹോദരിയോ? എനിക്ക് പ്രിയനായവൻ വേറൊരു വെന്റിലേറ്ററിൽ ആണ്. പിന്നെയും കുറെ മയങ്ങി, അറിയില്ല എത്രനേരം ആണെന്ന്. എഴുന്നേറ്റപ്പോൾ ഒരു സന്തോഷവാർത്ത ഇന്നലെ കൊടുത്ത കോവിഡ് പരിശോധനയിൽ ഞാൻ നെഗറ്റീവ്.  ഇനി വീട്ടിൽ ഏഴു ദിവസം.


തിരികെ പോകാൻ ഓട്ടോ വന്നു. പോകുന്ന വഴിക്ക് എനിക്ക് മനസ്സിലായി. ഇത് എന്റെ വീട്ടിലേക്കുള്ള വഴിയല്ല. സഹോദരിയുടെ വീട്ടിലേക്കാണ് ഓട്ടോ പോകുന്നത്. ഒന്നും മിണ്ടിയില്ല. വീട്ടിലേക്ക് തിരിയുന്ന ചെറിയ വളവിൽ ഒരു കറുത്ത കൊടി പറന്നില്ലേ,  വഴിയിലെ വൈദ്യുത പോസ്റ്റിൽ ഒരു മുഖം ചിരിച്ചില്ലേ, വീട്ടിൽ ഒരു നീല ഷെഡ് ഉയർന്നില്ലേ?. അതേ- ഇതെല്ലാം   സത്യമായിരുന്നു.


റെജി നിതിൻ 

ഗവേഷക വിദ്യാർത്ഥിനി 

ചരിത്ര വിഭാഗം 

കേരള സർവകലാശാല 

കാര്യവട്ടം 

തിരുവനന്തപുരം 

ഇ-മെയിൽ : rejimolpl2017@gmail.com

ഫോൺ : 6238236623

No comments: