Article No: 86 മീരയും സാറയും ഉണ്ടാക്കുന്ന വിവാഹപ്പേടി

യുവതികളുടെ വിവാഹപ്പേടിയിൽ കെ.ആർ. മീരടെയും സാറാജോസഫിന്റെയും പങ്ക്


കേരളത്തിലെ സമകാലിക സാഹിത്യത്തിൽ കെ.ആർ. മീരയുടെയും സാറാജോസഫിന്റെയും ഫെമിനിസ്റ്റ് എഴുത്തുകൾ പെൺകുട്ടികളിലും യുവതികളിലും ശക്തമായ പുരുഷ വിവാഹ വിരോധവും വിഷവും കുത്തിവയ്ക്കുന്നുണ്ട്. ആരാച്ചാർ, പോയിസൻ ഓഫ് ലൗ തുടങ്ങിയ രചനകളിലൂടെ മീരയും, പാപതാര പോലുള്ള കൃതികളിലൂടെ സറാജോസഫും സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു വിവാഹവും പുരുഷനും ആണെന്ന തെറ്റിദ്ധാരണ നേരിട്ടും പരോക്ഷമായും മനപൂർവം ചെയ്യുന്നുണ്ട്. എന്നാൽ ഈ രചനകൾ യുവതികളിൽ, പ്രതേകിച്ചു അവിവാഹിതരായ ഇരുപത് മുപ്പത് വയസുകളിലെ പെൺകുട്ടികളിൽ വിവാഹത്തോടുള്ള ആഴമായ വെറുപ്പും കയ്പ്പും ഉണ്ടാക്കുന്നു. 


മീരയുടെ നോവലുകളിൽ വിവാഹം ഒരു കെണിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് - സ്ത്രീയെ വസ്തുവാക്കുന്ന, അടിച്ചമർത്തുന്ന, ആത്മാവിനെ കൊല്ലുന്ന ഒരു സംവിധാനം ആയിട്ടാണ് കാണുന്നത്. ചേതനയുടെ കഥയോ, വിഷലിപ്തമായ പ്രണയങ്ങളോ യാഥാർഥ്യത്തിന്റെ കറുത്ത വശങ്ങൾ മാത്രം കാണിക്കുന്നു. സാറാജോസഫിന്റെ രചനകളിലും വിവാഹ ജീവിതത്തിലെ അപൂർവമായി നടക്കുന്ന കാര്യങ്ങളെ മുഴുവൻ ദുരിതമായി ഊന്നി പറയുന്നു. കോളേജ് പാഠ്യപദ്ധതികളിൽ ഇത്‌ ഉൾപ്പെടുത്തുന്നത് യുവ മനസ്സുകളിൽ ആഴത്തിലുള്ള തെറ്റായ സ്വാധീനം ചെലുത്തുന്നു. 


കേരളത്തിലെ മലയാള സാഹിത്യത്തിലും സിനിമാ മേഖലയിലും ഇടതുപക്ഷ മനോഭാവമുള്ള എഴുത്തുകാരും ബുദ്ധിജീവികളും ഏകപക്ഷീയമായ ആധിപത്യം നടത്തുന്നുണ്ട്. വിമർശനാത്മകവും പരമ്പരാഗതവുമായ (കൺസർവേറ്റീവ്) ആശയങ്ങൾക്ക് സ്ഥാനമില്ലാത്ത അവസ്ഥയാണ്. വ്യത്യസ്തമായ ശബ്ദങ്ങൾ ഉയർത്തുന്നവരെ 'പിന്തിരിപ്പൻ', ‘പഴഞ്ചൻ’ തുടങ്ങിയ മുദ്രകൾ കുത്തി മുഖ്യധാരയിൽ നിന്ന് ഒതുക്കുന്നു. ഈ ആശയപരമായ അടിച്ചമർത്തൽ കാരണം യാഥാർത്ഥ്യബോധമുള്ള ചർച്ചകൾ പോലും ദുര്‍ലഭമായിരിക്കുന്നു. മീരയും ജോസഫും ഈ ഇടതുപക്ഷ ഏകാധിപത്യത്തിന്റെ ഭാഗമായി തന്നെ നിലകൊള്ളുന്നു.


എന്നാൽ ഇവരുടെ വ്യക്തിപരമായ ജീവിതം വ്യത്യസ്തമാണ്. കെ.ആർ. മീര ജേണലിസ്റ്റ് ഭർത്താവ് എം.എസ്. ദിലീപിനോടൊപ്പം സ്ഥിരതയുള്ള ദാമ്പത്യവും ഒരു മകളും ആസ്വദിക്കുന്നു. സാറാ ജോസഫ് 15-ാം വയസ്സിൽ വിവാഹിതയായി, മക്കളെ വളർത്തി. അവർ വിവാഹത്തിന്റെ സാമൂഹിക-സാമ്പത്തിക പ്രത്യേകാധികാരങ്ങളും ഗുണങ്ങളും അനുഭവിച്ചവരാണ്. എന്നിട്ടും യുവതികളോട് വിവാഹത്തെ വിഷമായി കാണാൻ പ്രേരിപ്പിക്കുന്നത് വ്യക്തമായ വൈരുധ്യമാണ്. "ഞങ്ങൾ ആസ്വദിച്ചത് നിങ്ങൾ ഉപേക്ഷിക്കുക" എന്ന തരത്തിലുള്ള സന്ദേശം. 


കേരളത്തിലെ യുവതികൾ ഇതിന്റെ ഫലമായി വിവാഹത്തെ സംശയത്തോടെ, കയ്പ്പോടെ സമീപിക്കുന്നു. കരിയർ, സ്വാതന്ത്ര്യം എന്നിവയ്ക്കിടയിൽ വിവാഹം ഒരു ഭീഷണിയായി മാറുന്നു. യഥാർത്ഥ ദാമ്പത്യപരാജയങ്ങൾ ഉണ്ടെങ്കിലും, എല്ലാ വിവാഹങ്ങളെയും വിഷലിപ്തമാക്കി നേരിട്ടും അല്ലാതെയും ചിത്രീകരിക്കുന്നത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. ഇത് വൈകിയ വിവാഹം, അല്ലെങ്കിൽ വിവാഹമോചനത്തിന്റെ വഴികളിലേക്ക് ചിലരെ തള്ളിവിടുന്നു.


യുവതികളേ, ഗൗരവമായി ചിന്തിക്കുക. ഈ എഴുത്തുകാരികളുടെ ഭ്രാന്തമായ ആശയങ്ങളും വൈരുധ്യവും നിങ്ങളുടെ ഭാവി നശിപ്പിക്കാൻ അനുവദിക്കരുത്. വിവാഹം പൂർണമായും ദുരന്തമല്ല; അത് ജീവിതത്തിന് അർത്ഥവും പ്രാധാന്യവും സൃഷ്ടിക്കുന്ന ഒന്നാണ്. ബുദ്ധിപൂർവകമായ വിമർശനം വേണം, അന്ധമായ കയ്പ്പല്ല. ബൗദ്ധിക സത്യസന്ധതയോടെ, ദീർഘദൃഷ്ടിയോടെ ചിന്തിക്കുക. പ്രായോഗികമായ സത്യസന്ധമായ ബന്ധങ്ങൾ തിരഞ്ഞെടുക്കുക, പക്ഷേ വിവാഹത്തെ തന്നെ ശത്രുവായി കാണരുത്. നിങ്ങളുടെ ഭാവി സന്തുഷ്ടവും സന്തുലിതവുമാക്കുക.


Nithin A.F. 

Article No: 86

Sociopolitical 

www.NithinAF.blogspot.com

30/June/2026

No comments: