Article No. 83 ബൈബിൾ വിരുദ്ധ ഈസ്റ്റർ സന്ദേശം

 

സഭാ മേലധ്യക്ഷന്റെ ബൈബിൾ വിരുദ്ധവും മാർക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കുത്തിനിറച്ച ഈസ്റ്റർ സന്ദേശം പത്രത്തിൽ പലരും വായിച്ചിരിക്കും. ഇത്‌ സഭയെ നിശബ്ദമായി ബാധിക്കുന്ന കാൻസർ ആണ്. ആ ലേഖനം ബൈബിൾ സംഭവങ്ങളെ (സ്ത്രീകളുടെ സാക്ഷ്യം, പുനരുത്ഥാനം) ഉപയോഗിക്കുന്നുണ്ട്, പക്ഷേ അവയെ “നീതിക്കായുള്ള പോരാട്ടങ്ങൾക്കുള്ള പ്രേരണ” ആയി മാറ്റുന്നത് ബൈബിളിന്റെ നേരിട്ടുള്ള അർത്ഥമല്ല. അത് 20-ാം നൂറ്റാണ്ടിലെ സോഷ്യൽ ജസ്റ്റിസ് (social justice) ആശയധാരയുടെ (leftist/progressive) ഭാഷയാണ് — ക്ലാസ്/ലിംഗ/അടിച്ചമർത്തൽ പോരാട്ടങ്ങൾക്ക് വളച്ചൊടിച്ചു ക്രൈസ്തവ മുഖം നൽകുകയാണ് ചെയ്യുന്നത്.


ബൈബിൾ പുനരുത്ഥാനത്തെ വ്യക്തിപരമായ രക്ഷ, മരണത്തിന്മേൽ വിജയം, സുവിശേഷ പ്രസംഗം എന്നിങ്ങനെയാണ് കാണുന്നത്. നീതി ബൈബിളിലുണ്ട്, പക്ഷേ അത് പുനരുത്ഥാനത്തിന്റെ പ്രധാന സന്ദേശമല്ല. അതുകൊണ്ട് തന്നെ, ആ ലേഖനം ബൈബിളിനെക്കാൾ ആധുനിക ഇടതുപക്ഷ ആശയധാരയോട് (liberation-style reading) കൂടുതൽ ചേരുന്നു എന്ന് പറയാതെ വയ്യ. ബൈബിൾ നൽകുന്ന നീതി വ്യക്തിപരമാണ്, അല്ലാതെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ അല്ല.

ബൈബിൾ പ്രകാരം ഈസ്റ്റർ സന്ദേശം ഇതാണ്: “ക്രിസ്തു ഉയിർത്തെഴുന്നേറ്റു — നമ്മുടെ പാപങ്ങൾക്ക് പരിഹാരമായും നിത്യജീവനെ നൽകാനും വേണ്ടി”. മറ്റൊന്നുമല്ല. പാപ പരിഹാരം, നിത്യജീവൻ എന്നീ പ്രധാനപ്പെട്ട ആശയങ്ങൾ മനപ്പൂർവ്വം ഒഴിവാക്കിയതായി അതിൽ കാണാം. 

ഭൂരിഭാഗം ആഴത്തിൽ ചിന്തിക്കാത്ത സാധാരണക്കാരായ ക്രൈസ്തവ വായനക്കാർക്ക് ഈ ഗുരുതര പ്രശ്‌നം മനസ്സിൽ ആയിട്ടില്ല. സഭയെ സാവധാനം കൊല്ലുന്ന ആശയധാരയാണ് ഇത്‌. സ്നേഹവും കരുതലും പുറമെ കാണുമെങ്കിലും ഇത് സഭയുടെ അടിസ്ഥാന വേര് ഇളക്കുന്നത് ആണ്. 


സഭയുടെ ഈ പോക്ക് എങ്ങോട്ട് എന്ന് ചോദിച്ചാൽ യൂറോപ്പിലെ നിലവിലെ അവസ്ഥയിലേക്ക് ആണ്. വിമോചന ദൈവശാസ്ത്രവും, ഫെമിനിസ്റ്റ് ദൈവശാസ്ത്രവും കൂടി മുപ്പത് വർഷങ്ങൾക്കകം; സഭയെ നമ്മുടെ നാട്ടിലും അപ്രസക്തമാക്കും. ഇപ്പോൾ പള്ളിയിൽ വരുന്ന നാല്പത് വയസ്സിൽ താഴെയുള്ള എത്രപേർ ആണ് ആത്മാർഥമായി വരുന്നത്? അവരുടെ മക്കൾക്ക് അവർക്കില്ലാത്ത ആത്മാർഥത ഉണ്ടാകുമോ? കൃത്യമായും സത്യസന്ധമായും വിലയിരുത്തിയാൽ പള്ളികൾ ഒരു ക്ലബ്ബായി മാറിക്കൊണ്ടിരിക്കുന്നു. ഭൂരിഭാഗവും കഥയറിയാതെ അടുന്ന ഒരുകൂട്ടം ജനം. പരസ്പര വിരുദ്ധമാണ് എന്ന് അറിഞ്ഞിട്ടും ആട്ടികൊണ്ടിരിക്കുന്ന ഭൂരിഭാഗം വരുന്ന പൗരോഹിത്യ വർഗ്ഗം. ഈ പൗരോഹിത്യ വർഗ്ഗത്തോട്: നിങ്ങൾ പ്രസംഗിക്കുന്നത് ബൈബിളിനെക്കാൾ മറ്റ്‌ ആശയങ്ങൾക്കും പുസ്തങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നു എന്ന് പറയാതെ ചെയ്യുമ്പോൾ ഇത് അറിയാത്ത സാധാരണക്കാരായ വിശ്വാസികളെ നിങ്ങൾ വഞ്ചിക്കുകയാണ്. 


ഇങ്ങനെ പോയാൽ നമ്മുടെ പള്ളികളിൽ ബൈബിൾ വിരുദ്ധമായി പട്ടക്കാരികളും (അച്ചിമാർ) കൊച്ചച്ചൻമാരും പള്ളികൾ നയിക്കുന്ന സമയം വിദൂരമല്ല. കൂടാതെ ബൈബിൾ വിരുദ്ധമായി സ്വവർഗ വിവാഹവും നമ്മുടെ പള്ളികളിൽ നടപ്പിലാക്കി ആധുനിക കമ്മ്യൂണിസ്റ്റ് പൗരോഹിത്യ വർഗം നമ്മെ പുരോഗതിയിലേക്ക് നയിക്കും. സെമിനാരികൾ ഇന്ന് ആധുനിക ക്യൂബയ്ക്ക് തുല്യമാണ്. അതുകൊണ്ട് “ഉറങ്ങുന്നവരെ ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്ന് എഴുന്നേൽക്കുക, എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും”. 


Nithin A. F.

Prove Me Wrong: Ready to debate this topic with video recording. 

No comments: