ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങളെ സ്വയംപര്യാപ്‌തമാക്കുന്നതിന് പകരം താൽകാലിക കൺകെട്ട് വിദ്യകളിൽ ആണ് ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികളെ മുന്നോട്ട് കൊണ്ട് പോകുന്നത്.
ചിന്തിക്കാനുള്ള പക്വത ഭൂരിഭാഗം ജനങ്ങൾക്കും വന്നിട്ടില്ല എന്നതിന്റെ തെളിവാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ പറയുന്ന വാഗ്ദാനങ്ങൾ.
ഒരു ജനാധിപത്യ സംവിധാനം ശരിയായി പ്രവർത്തിക്കണം എങ്കിൽ വളരെ അത്യന്താപേക്ഷിതമായ ചില കാര്യങ്ങൾ ഉണ്ട്. ഒന്ന്, വോട്ടർമാർ പൂർണ്ണമായ വിവരം ഉള്ളവർ ആകണം, രണ്ട്, വോട്ടർമാർക്ക് ഉയർന്ന ധാർമീക മൂല്യങ്ങൾ ഉണ്ടാവണം, മൂന്ന്, താൽകാലിക നേട്ടങ്ങളെക്കാൾ ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ വിലയിരുത്താനുള്ള കഴിവ്. ഇവ വോട്ടർമാർക്ക് ഇല്ലങ്കിൽ ജനാധിപത്യം ഒരു സർക്കസ്സ് പോലെ ആണ്.
ഭൂരിഭാഗം രാഷ്ട്രീയ പാർട്ടി നേതാക്കളും ജനങ്ങളും ആഴത്തിൽ ചിന്തിക്കുകയോ വിമർശനാത്മകമായി വിലയിരുത്തുകയോ ദീർഘവീക്ഷണത്തോടെ കാണുകയോ ചെയ്യുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണവും ചർച്ചകളും അഭിമുഖങ്ങളും ശ്രദ്ധിച്ചാൽ കാണുന്ന പ്രധാന വാക്കുകൾ ഇവയാണ്. ഒന്ന്, വികസനം, രണ്ട്, സൗജന്യം, മൂന്ന്, പെൻഷൻ, നാല്, സ്ത്രീ. ഇവയെല്ലാം മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളെ വൈകാരികമായി മാത്രം പരിഹാരം കാണാൻ ശ്രമിക്കുന്നവ ആണ്. മാത്രമല്ല യഥാർത്ഥ അടിസ്ഥാന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് പകരം, അല്ലങ്കിൽ പരിഹരിക്കാൻ കഴിയില്ല എന്ന് യാഥാർഥ്യം അംഗീകരിക്കുന്നതിന് പകരം; ഇപ്പൊ ശരിയാക്കാം… ഇപ്പൊ ശരിയാക്കാം… എന്ന പാഴ് വാഗ്ദാനം നൽകലാണ് നമുക്ക് ചുറ്റും കാണുന്നത്. ഇവയെല്ലാം മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങൾ പ്രോത്സാഹിപ്പിച്ചു രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നവയാണ്.
ഇതിന്റെ രണ്ടു തെളിവുകൾ മാത്രം ചുവടെ ചേർക്കുന്നു.
വളരെ കഷ്ടപ്പെട്ട് മൊബൈലിന്റെ റീചാർജ് വാലിഡിറ്റി 28 ൽ നിന്നും 30 ആക്കുന്നു എന്നത് വലിയ നേട്ടമായി പ്രചരിപ്പിക്കുന്നത്. ഇത് വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം ഉപഭോക്താക്കൾക്ക് ഉണ്ടാകുമെന്ന തെറ്റിദ്ധാരണാജനകമായ അവകാശം ആണ് ഉന്നയിക്കുന്നത്. യാഥാർഥ്യം, മൊബൈൽ കമ്പനികൾ 30 ദിവസത്തെ പ്ലാൻ അവതരിപ്പിക്കുമ്പോൾ അധികമായുണ്ടാകുന്ന ബാധ്യത നിരക്ക് ഭാവിയിൽ വർധിപ്പിച്ചു ജനങ്ങളിൽ നിന്ന് തന്നെ ഈടാക്കും. പിന്നെ എന്തിനാണ് ഇത് ഒരു നേട്ടമായി ചിത്രീകരിക്കുന്നത്? കമ്പനികൾ ആ നഷ്ടം ഒരിക്കലും സഹിക്കില്ല.
സൗജന്യമായി സർക്കാർ നല്കുന്നതെല്ലാം ജനങ്ങളിൽ നിന്നും നികുതിയായി പിരിച്ചെടുക്കുന്ന പണമാണ്. ജനങ്ങൾ അധ്വാനിക്കുന്ന പണം അതിന്റെ ഒരുഭാഗം മാത്രമാണ് ജങ്ങൾക്ക് കൊടുക്കുന്നത്. എന്നിട്ട് രാഷ്ട്രീയക്കാർ അവരുടെ നേട്ടമായി അവതരിപ്പിക്കും. ജനങ്ങൾക്ക് വലിയ കട ബാധ്യത സർക്കാർ ഉണ്ടാക്കുകയും ചെയ്യും. ഇത് കറക്കു കമ്പനി ചെയ്യുന്ന പോലത്തെ തട്ടിപ്പ് ആണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ, നയപരമായ ചർച്ചകളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഇടത് ലിബറൽ ആശയങ്ങൾക്കാണ് എപ്പോഴും പ്രാധാന്യം കൊടുക്കുന്നത്. ജനങ്ങളെ യഥാർത്ഥമായ പുരോഗതിയിലേക്ക് നയിക്കാൻ അമേരിക്കയിൽ ഉള്ളത് പോലെ യാഥാസ്ഥിതിക ആശങ്ങളും ലിബറൽ ആശയങ്ങളും ഒരു പോലെ പ്രധിനിധീകരിക്കയും ചർച്ചചെയ്യേണ്ടതായിട്ടുമുണ്ട്. അതായത് രാഷ്ട്രീയ പ്രത്യേയ ശാസ്ത്ര സ്പെക്ട്രം പൂർണമായും ഉൾപ്പെട്ട ചർച്ച ഇന്ത്യയിൽ വളരെ അത്യാവശ്യമാണ്. അല്ലാത്തപക്ഷം, ഇപ്പോൾ ഉള്ളതുപോലെ പോയാൽ ഇന്ത്യൻ രാഷ്ട്രീയ നയരൂപീകരണ ചർച്ചകൾ വാചക കസർത്ത് മാത്രമായി ഒതുങ്ങും. മാത്രമല്ല അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരിയേറിഞ്ഞും കുറ്റം പറഞ്ഞും വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയം ഒതുങ്ങിപ്പോകും. കൂടാതെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ കാര്യമായ വ്യത്യസം ഇല്ലാത്ത അവസ്‌ഥ കൂടുതൽ സങ്കീർണമാകുകയും, ശക്തമായ പ്രത്യേയശാസ്ത്രത്തിന്റെ അഭാവത്തിൽ നട്ടം തിരിയുകയും ചെയ്യും. തിരഞ്ഞെടുപ്പ്, ക്ലീഷേ വിഷയങ്ങളിൽ ചുറ്റി തിരിയുകയും ചെയ്യും. ഇത് സത്യത്തെയും യാഥാർഥ്യത്തെയും തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയില്ല എന്ന് മാത്രമല്ല, യഥാർത്ഥ പുരോഗതി കൈവരിക്കാനും കഴിയില്ല.
Nithin A.F.

No comments:
Post a Comment