Article No: 65 ജീവിതത്തിന്റെ അര്‍ത്ഥശൂന്യത: ഒരു മാനസിക വിശകലനം

എന്തിനാണ് നാം ജീവിക്കുന്നത്? ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നമ്പര്‍ വണ്‍ ചോദ്യം. ഈ ചോദ്യത്തിന് വ്യക്തമായി ഉള്‍ക്കൊള്ളാവുന്ന ഉത്തരം ഓരോരുത്തരും കണ്ടുപിടിക്കാത്ത കാലത്തോളം ജീവിതം ഒരു കീറാ മുട്ടി അയിരിക്കും. മാത്രമല്ല മാനസിക പ്രശ്‌നങ്ങള്‍ കൂടുന്നതിന് ഇത് വളരെ ഏറെ കാരണവും ആകുന്നു.  ഈ ലോകത്തില്‍ ജീവിതം മുന്നോട്ട് നയിക്കുന്നതിന് രണ്ടു കാര്യങ്ങള്‍ മനഃശാസ്ത്രപരമായി വളരെ പ്രധാന പെട്ടതാണ്. ഒന്ന്, ജീവിതത്തില്‍ ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് (ഫൈനല്‍ ഗോള്‍) എന്താണ്? രണ്ടു, ആ ലക്ഷ്യത്തിലേക്ക് എത്താന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം (സ്ട്രാറ്റജി) എന്താണ്?. ഇവ രണ്ടിന്റെയും അഭാവം ആണ് ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നങ്ങള്‍. ജീവിതത്തിന്റെ ലക്ഷ്യം എന്നത് ഉദ്ദേശമോ (പര്‍പ്പസ്) ചെല്ലേണ്ടുന്ന ഇടമോ (ഡെസ്റ്റിനേഷന്‍) ആണ്.  അതേസമയം, ജീവിതത്തിന്റെ സ്ട്രാറ്റജി എന്നത് ജീവിതത്തിന്റെ അര്‍ത്ഥവും ആണ്.


ജീവിതത്തില്‍ നമുക്കെല്ലാവര്‍ക്കും വിവിധ ലക്ഷ്യങ്ങള്‍ ഉണ്ട്. ഈ ലക്ഷ്യങ്ങളുടെ എല്ലാം പിന്നില്‍ ഉള്ള ഒരു ഗോള്‍ ആണ് ആത്യന്തിക ലക്ഷ്യം. ഈ ആത്യന്തിക ഗോള്‍ എന്താണ് എന്നതാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം. അതോ നമ്മുടെ ലക്ഷ്യങ്ങളുടെ പുറകില്‍ ആത്യന്തികമായ ലക്ഷ്യമൊന്നുമില്ലേ? ഇത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യവും ആണ്. ഇന്ന് മനുഷ്യര്‍ ജീവിക്കുന്നത് ജീവിതത്തിനു ആത്യന്തികമായ ലക്ഷ്യം ഇല്ലാത്ത മട്ടിലാണ്. ഇത് ജീവിതം അപ്രധാനമാക്കുന്നു. നമ്മുടെ ജീവിതം ഫലപ്രദമാകണെമെങ്കില്‍ നമ്മുടെ ജീവിതത്തിലെ എല്ലാ ഗോളുകളും കൂട്ടിയോജിപ്പിക്കുന്ന ഒരു ആത്യന്തിക ഗോള്‍ ഉണ്ടായേ മതിയാകൂ. ഇല്ലങ്കില്‍ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ ആകും ജീവിതം.


മിക്കവരും, ജീവിതത്തെ വേണ്ടവിധം  ഗൗരവമായി  കാണാത്തത് കൊണ്ടാണ് ജീവിതത്തില്‍ ആത്യന്തിക ഗോള്‍ ഇല്ലാതിരിക്കുന്നത്. ഇത് പല സന്ദര്‍ഭങ്ങളിലും, ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഗതി കിട്ടാതെ അലയുന്നതിന് കാരണമാകുന്നു. കൂടാതെ ആത്യന്തിക ഗോള്‍ ഇല്ലാതിരിക്കുക വഴി നഷ്ടമാകുന്നത് ജീവിതത്തെക്കുറിച്ചുള്ള സത്യസന്ധവും ആത്മാര്‍ത്ഥവും വിശ്വസനീയവുമായ പ്രതീക്ഷയും അര്‍ത്ഥവുമാണ്.


ജീവിതത്തിന്റെ സ്ട്രാറ്റജി ആണ് ജീവിതത്തിന്റെ അര്‍ത്ഥം. ഇതു തന്നെയാണ് മാര്‍ഗ്ഗം എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുക എന്നത് ജീവിച്ചിരിക്കുന്നതിനു ഒരു പ്രാധാന്യം (സിഗ്‌നിഫിക്കന്‍സ്) ഉണ്ടാക്കുക എന്നതാണ്. ഇതിന് കഴിയുന്നത് നമ്മുടെ റോളുകള്‍ തിരിച്ചറിയുകയും അവയുടെ ഉത്തരവാദിത്വങ്ങളും കര്‍ത്തവ്യങ്ങളും തിരിച്ചറിയുകയും അവ നിസ്വാര്‍ത്ഥമായി നിര്‍വ്വഹിക്കുകയും ചെയ്യുന്നത് വഴിയാണ്.


ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തില്‍ നിന്നും അര്‍ത്ഥത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്നതും വഴിതെറ്റിക്കുന്നതും കൂടുതലും നമ്മുടെ ഗോളും സ്ട്രാറ്റജിയും; സൊഷ്യല്‍ സ്റ്റാറ്റസ് ഉയര്‍ത്താനും, മറ്റുള്ളവരുടെമേല്‍ അധികാരം കാണിക്കാനും, നൈമിഷിക സുഖങ്ങളിലും (instantaneous gratification) പ്രധാന്യം നല്‍കുന്നതു കൊണ്ടാണ്. അനന്തര ഫലമായി മനുഷ്യര്‍ വലിയ നിരാശയില്‍ ആണ്ടുപോകുന്നു. ആ നിരാശ അതിജീവിക്കുന്നതിനുവേണ്ടി വീണ്ടും സ്വാര്‍ത്ഥ സുഖങ്ങളിലും സോഷ്യല്‍ സ്റ്റാറ്റസിലും അധികാരത്തിലും ജീവിതത്തിന്റെ പ്രാധാന്യം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത് ഇങ്ങനെ ഒരു ലൂപ്പ് പോലെ ജീവിതത്തില്‍ നടക്കുകയും ചെയ്യുന്നു. അങ്ങനെ ജീവിതത്തില്‍ ഒരിക്കലും സംതൃപ്തിയോ ജീവിത സഫലീകരണമോ കണ്ടെത്താന്‍ കഴിയാതെ പോകുന്നു. മാത്രമല്ല ഇത് ഉത്കണ്ഠ, വിഷാദം, പിരിമുറുക്കം തുടങ്ങിയ പലവിധ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.


മനഃശാസ്ത്രപരമായി ഒരു ടാസ്‌ക് പൂര്‍ത്തിയാക്കണമെങ്കില്‍ ഒരു ഗോളും സ്ട്രാറ്റജിയും വളരെ അത്യാവശ്യമാണ്. ജീവിതം എന്ന ഏറ്റവും പ്രധാനപ്പെട്ട ടാസ്‌കില്‍ തീര്‍ച്ചയായും വ്യക്തമായ ഒരു ഗോളും സ്ട്രാറ്റജിയും അത്യാവശ്യമാണ്. മനുഷ്യരാശിക്ക് ഇത് ലഭിക്കുന്ന ഒരേയൊരു സ്രോതസ് മതപരമായ ആശയങ്ങളാണ്. ഒരു വ്യക്തി യാഥാര്‍ഥ്യബോധത്തില്‍ യുക്തിപരമായി സ്വയം മനസ്സിലാക്കുന്നതിനും ഈ ലോകത്തെ മനസ്സിലാക്കുന്നതിനും മതപരമായ ആശയങ്ങള്‍ വിഭാവന ചെയ്യുന്ന മൂല്യങ്ങള്‍ ആവശ്യമാണ്. അല്ലാത്തിടത്തോളം നമുക്ക് ഈ ലോകത്തെ പൂര്‍ണ്ണമായും കാണാന്‍ കഴിയുകയില്ല എന്നതാണ് പ്രധാനപ്പെട്ട വസ്തുത. ഇത് തള്ളിക്കളയുന്നതോടുകൂടി ജീവിതം ആത്യന്തികമായി അലങ്കോലവും താറുമാറായ അവസ്ഥയിലേക്ക് എത്തുന്നു.



Nithin A.F.

Consultant Psychologist

SUT Hospital, Pattom

Trivandrum.

No comments: