Article No. 63. പുതുവത്സരത്തിലെ നല്ല തീരുമാനം New year Resolution 2024

 പ്രതീക്ഷയുടെ ഒരു പുതുവത്സരം കൂടി വരവായി. കൂടുതൽ അത്യുത്സാഹത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ. ഓരോ വർഷവും നമ്മൾ പുതിയ പല തീരുമാനങ്ങൾ എടുക്കാറുണ്ട്. അത് കൂടുതലും നമ്മുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതായിരിക്കും. എന്നാൽ ഈവർഷം നമ്മുടെ അടുപ്പക്കാർ ആരും ആത്മഹത്യ ചെയ്യാതിരിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുന്നതിനുള്ള തീരുമാനം എടുക്കുന്നത് ആവട്ടെ. നമ്മുടെ അടുപ്പക്കാർ അഥവാ വേണ്ടപ്പെട്ടവർ കൂടുതലും നമ്മുടെ കുടുംബ അംഗങ്ങങ്ങളോ അയല്പക്കകാരോ ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം. ഒരു വ്യക്തി ആത്മഹത്യ ചിന്തകളിൽ ആയിരിക്കുമ്പോൾ പലപ്പോഴും അവർക്ക് സ്വയം പുറത്തു വരാൻ സാധിക്കില്ല. അവരുടെ ചുറ്റും ഉള്ളവർക്കാണ് സഹായിക്കാൻ കഴിയുക. യാഥാർഥ്യം തിരിച്ചറിഞ്ഞു നമുക്കുചുറ്റുമുള്ളവരെ ആഴത്തിൽ മനസിലാക്കാൻ ശ്രമിച്ചാൽ ലോകത്തിലെ ഏറ്റവും വിലയേറിയ പല മനുഷ്യ ജീവനുകളും നമുക്ക് രക്ഷിക്കാൻ സാധിക്കും. പുതുവർഷത്തിൽ അതിനുള്ള തീരുമാനം നമുക്ക് എടുക്കാം


ആത്മഹത്യ പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട്‌ ചില കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്. നമുക്കുചുറ്റുമുള്ള അടുപ്പക്കാരിൽ താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടോ എന്ന് എപ്പൊഴും മനസിലാക്കാൻ ശ്രമിക്കുക


  1. സംസാരം കുറയുക 
  2. ഒന്നിനും താല്പര്യം ഇല്ലാതെ ഇരിക്കുക
  3. ഉറക്കക്കുറവ് അനുഭവപ്പെടുക 
  4. ഏപ്പൊഴും ക്ഷീണിച്ചു ഇരിക്കുക 
  5. ശരിയായി ഭക്ഷണം കഴിക്കാതെ ഇരിക്കുക 
  6. സാമൂഹിക ആഘോഷങ്ങളിൽ ഒന്നും പങ്കെടുക്കാതെ ഇരിക്കുക


തുടങ്ങിയ ലക്ഷണങ്ങൾ നമ്മുടെ അടുപ്പക്കാരിൽ കാണുകയാണെങ്കിൽ അവരോടു അടുത്ത് ഇടപഴുകുന്നതിന് പ്രത്യേകം സമയം കണ്ടെത്തേണ്ടതും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതും അത്യാവശ്യമാണ്. എല്ലാമനുഷ്യർക്കും വളരെ അത്യാവശ്യം വേണ്ടുന്ന ഒന്നാണ് മനസുതുറന്നു സംസാരിക്കാൻ ഒന്നോ രണ്ടോ ആളുകൾ ഉണ്ടാവുക എന്നുള്ളത്. പല മാനസീക സമ്മർദ്ദങ്ങളും സാധാരണ നിലയിൽ മനസ്സ് തുറന്നു സംസാരിച്ചാൽ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. പ്രതേകിച്ചു ആത്മഹത്യാ ചിന്തകൾ ഉള്ള ആൾക്കാരിൽ ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇവരുടെ ചിന്തകൾ വളരെയേറെ ചുരുങ്ങി പോകുന്നതുകൊണ്ടു തന്നെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും വളരെ ഇടുങ്ങിയതായി അവർക്കു തോന്നും. ചിന്ത രീതിയെ വിശാലമാക്കി കൊടുക്കുകയും ജീവിതത്തിന് ഒരു അർത്ഥവും ഉദ്ദേശവും ഉണ്ടെന്നു ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ നമ്മുടെ ഇടപെടൽ വലിയ രീതിയിൽ ഫലപ്രദമാകുന്നതായി കാണാൻ കഴിയും


മദ്യം, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിഷാദവും ഒരുമിച്ചു ഒരാളിൽ കാണുമ്പോൾ അവരിൽ ആത്മഹത്യാ സാധ്യത കൂടുതലാണെന്നു മനസ്സിലാക്കേണ്ടതുണ്ട്. ആത്മഹത്യയുടെ പ്രധാനപ്പെട്ട കാരണങ്ങളായി കാണുന്നത്; സാമ്പത്തീക ബാധ്യത, കുടുംബ പ്രശ്നങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, മാനസീക രോഗങ്ങൾ, മദ്യപാനം, ഓൺലൈൻ ഇടപാടുകൾ തുടങ്ങിയവ ആണ്. നമ്മുടെ അടുപ്പക്കാർ ആരെങ്കിലും ഇത്തരത്തിൽ ഉള്ള സാഹചര്യത്തിലൂടെ കടന്നുപോകുന്നെങ്കിൽ അവരെ പ്രത്യേകം  പരിഗണിക്കുകയും അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്യുന്നതിനും സാഹചര്യം തരണം ചെയ്യാൻ സഹായിക്കുകയും വേണം. ആത്മഹത്യാ ശ്രമങ്ങൾ നടത്തുന്നത് കൂടുതലും സ്ത്രീകൾ ആണെങ്കിലും ആത്മഹത്യാ ചെയ്യുന്നത് ബഹുഭൂരിപക്ഷവും പുരുഷന്മാർ ആണ്.


ഒരു വ്യക്തിയിൽ  ആത്മഹത്യാ സാധ്യത മനസിലാക്കി കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത്മാനസീക പ്രഥമ ശുശ്രൂഷനൽകുകയാണ്. ഇതിൽ പ്രധാനമായും വ്യക്തിയെ മനസുതുറന്നു സംസാരിക്കാനുള്ള അവസരം ഒരുക്കുന്നതു മുതൽ ആത്മഹത്യാ പ്രതിരോധ സഹായ ഫോൺ നമ്പറുകൾ നൽകുന്നത് വരെ ഉൾപ്പെടും. കൂടാതെ മാനസീക ആരോഗ്യ വിദഗ്ദ്ധരെ കാണുന്നതിനു വേണ്ടുന്ന സഹായവും സാഹചര്യവും ഒരുക്കുന്നതും വളരെ പ്രധാന പെട്ടതാണ്. അവസരത്തിൽ നമ്മൾ യാതൊരുകാരണവശാലും മുൻവിധിയോടെ വ്യക്തിയോട് സംസാരിക്കാൻ ശ്രമിക്കരുത്. പകരം വ്യക്തി ജീവിതത്തെ നോക്കികാണുന്നത് വിശാലമാക്കി മാറ്റാൻവേണ്ടി ശ്രമിക്കുക.


ശരിയായ രീതിയിലുള്ള ദാമ്പത്തിക-കുടുംബ ബന്ധങ്ങളുടെ പ്രവർത്തനങ്ങൾ തീർച്ചയായും മാനസീക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒരു വലിയ മുതൽക്കൂട്ട് ആണ്. പുതുവത്സരത്തിൽ നമ്മുടെ അടുപ്പക്കാരുടെ മാനസീക ആരോഗ്യം നിലനിർത്തി ആത്മഹത്യാ സാധ്യതകളിൽ നിന്നും രക്ഷിക്കുന്നതിനുവേണ്ടി നമുക്കാവുന്നതെല്ലാം ചെയ്യാം എന്ന് പ്രതിജ്ഞ എടുക്കാം


അങ്ങനെ ആത്മഹത്യാ വളരെയേറെ വർധിച്ചു വരുന്ന കാലഘട്ടത്തിൽ; ലോകത്തിലെ ഏറ്റവും വിലയേറിയ മനുഷ്യ ജീവനെ രക്ഷിക്കുന്നതിന് വേണ്ടി നമുക്കെല്ലാവർക്കും കഠിനമായി പ്രയത്നിക്കാം. ഇത് മാനസീക ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. സമൂഹത്തിലെ എല്ലാവരും ഒരുമിച്ചു ഒരുപോലെ പരിശ്രമിച്ചാൽ മാത്രമേ പ്രയോജനമുള്ളു. അങ്ങനെ പുതുവർഷത്തിൽ നമ്മുടെ അടുപ്പക്കാർ ആരും ആത്മഹത്യാ ചെയ്യാതിരിക്കട്ടെ. ഒരു അനുഗ്രഹിക്കപ്പെട്ട അർത്ഥവത്തായ പുതുവത്സരം നേരുന്നു.


Nithin A.F.

Consultant Psychologist 

SUT Hospital, Pattom, Trivandrum.

Mob: 9496341841

Email: nithinaf@gmail.com

www.nithinaf.blogspot.com 


No comments: