Article No. 61. പെൺകുട്ടികളുടെ വിവാഹപ്പേടി ഗുരുതര സാഹചര്യത്തിലേക്ക്

പെൺകുട്ടികളുടെ വിവാഹപ്പേടിയും ആൺകുട്ടികൾക്ക് വിവാഹത്തിന് പെൺകുട്ടികളെ ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം നമുക്കിടയിൽ അടുത്തകാലത്തായി കൂടിവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ, കടമകൾ മുതലായവ നിർവഹിക്കുന്നതിനുള്ള വിമുഖത(Gamophobia), ഗർഭം ധരിക്കുന്നതിനുള്ള താൽപര്യക്കുറവ്(Tocophobia), കുട്ടികളെ വളർത്തുന്നതിനുള്ള മടി (Pedophobia) തുടങ്ങിയ ഘടകങ്ങൾ ആണ് വിവാഹ പേടിയിലേക്ക് പെൺകുട്ടികളെ എത്തിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും വിവാഹം വേണ്ട എന്ന് പറയാറില്ല, മറിച്ചു പിന്നെത്തേയ്ക്ക് മാറ്റി വയ്ക്കുകയാണ് ചെയ്യുന്നത്. അത് അങ്ങനെ നീണ്ടു പോകുന്നു. ഇവ കാരണം ഉണ്ടാകുന്ന വ്യക്തിപരവും സാമൂഹികവും ആയ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ആയതിനാൽ ഈ വിവാഹപ്പേടി കണക്കുകളുടെ അടിസ്ഥാനത്തിൽ പഠിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 




ഇവിടെ സൂചിപ്പിക്കുന്ന വിവരങ്ങൾ കേരളത്തിലെ പ്രമുഖ മാട്രിമോണിയൽ സ്ഥാപനങ്ങളിൽ നിന്നും വെബ്സൈറ്റുകളിൽനിന്നും നിന്നും വർഷങ്ങളായി മാട്രിമോണിയൽ രംഗത്തു പ്രവർത്തിക്കുന്ന ധാരാളം പേരെ ഇന്റർവ്യൂ ചെയ്തും ശേഖരിച്ചവ ആണ്. അവരിൽ എല്ലാവരും ഉറപ്പിച്ചു പറയുന്നത് 2018 നു ശേഷമാണ് ഇങ്ങനെ ഒരു മാറ്റം കാണുന്നത് എന്നാണ്. ഈ പ്രവണത വളരെ അടുത്ത കാലത്തു തുടങ്ങിയതുകൊണ്ടു തന്നെ ഇതിന്റെ അനന്തര ഫലങ്ങൾ പുറമെ കാണാൻ ഇനിയും കുറഞ്ഞത് പത്തു വർഷമെങ്കിലും കാത്തിരിക്കേണ്ടിവരും. ഇതു വലിയ ഒരു ഗുരുതര സാഹചര്യം ആയതുകൊണ്ടുതന്നെ  വളരെ നേരത്തെ നടപടികൾ സ്വീകരിച്ചാൽ നമ്മുടെ യുവതി യുവാക്കളെയും സമൂഹത്തെയും രക്ഷിക്കാൻ സാധിക്കും. മുകളിൽ മൂന്ന് മാട്രിമോണിയൽ സ്ഥാപനങ്ങളിലെ ലഭ്യമായ പ്രൊഫൈലുകളുടെ എണ്ണവും വിവരങ്ങളും ചേർക്കുന്നു. 


വിവിധ സ്രോതസ്സുകളിൽ നിന്നും ശേഖരിച്ച ഈ കണക്കുകൾ സൂചിപ്പിക്കുന്നത് വിവിധ വിഭാഗങ്ങളിലായി മുപ്പത്തിയൊന്നു മുതൽ തൊണ്ണൂറ്റിയെട്ട് ശതമാനം പെൺകുട്ടികൾ വിവാഹത്തിന് താല്പര്യപ്പെട്ട് മുന്നോട്ടു വരുന്നില്ല എന്നാണ്. മാത്രമല്ല ഈ പ്രവണത കാരണം ആൺകുട്ടികൾക്ക് പെൺകുട്ടികളെ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നു. ഇത് ആൺകുട്ടികളെ മാത്രമല്ല ബാധിക്കുന്നത് പെൺകുട്ടികളെയും അവരുടെ കുടുംബങ്ങളെയും ആത്യന്തികമായി സമൂഹത്തെയും ബാധിക്കുന്നു. 


പ്രണയ വിവാഹങ്ങൾ കൂടുന്നതുകൊണ്ടോ ലിവിങ് ടുഗെതർ കൂടുന്നതുകൊണ്ടോ ജാതക പ്രശ്നങ്ങളോ തുടങ്ങിയ മറ്റ് കാരണങ്ങൾ കൊണ്ടല്ല പെൺകുട്ടികളുടെ പ്രൊഫൈൽ എണ്ണം കുറയുന്നത്. കാരണം, പെൺകുട്ടികളുടെ വിവാഹം ഏതെങ്കിലും വഴി നടക്കുന്നുണ്ടായിരുന്നു എങ്കിൽ അതിൽ ആൺകുട്ടികളും ഉൾപ്പെടുമല്ലോ, അങ്ങനെ ആൺകുട്ടികളുടെ എണ്ണം സന്തുലിതമാകുമായിരുന്നു. അത് സംഭവിക്കാത്തത് കൊണ്ട് വിവാഹങ്ങൾ പണ്ടുള്ളതുപോലെ നടക്കുന്നില്ല എന്നുള്ളതും പെൺകുട്ടികൾ പേടിച്ചു മാറി നിൽക്കുന്നു എന്നുള്ളതും ആൺകുട്ടികൾക്ക് പെൺകുട്ടികൾ കിട്ടാതെ വരുന്നു എന്നുള്ളതും ഒരു വസ്തുത ആണ്. 


മാട്രിമോണിയൽ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവർ പറയുന്നത്; പണ്ട് അഞ്ചു പെണ്ണുകാണൽ നടന്നാൽ ഒന്നോ രണ്ടോ വിവാഹങ്ങൾ നടക്കുമായിരുന്നു, എന്നാൽ ഇപ്പോൾ പത്തു പെണ്ണുകാണൽ നടന്നാലും ഒരെണ്ണം നടന്നാൽ നടന്നു എന്നാണ്. മുൻപ് രക്ഷകർത്താക്കൾ മുൻകൈ എടുത്ത് നടത്തിയിരുന്ന വിവാഹങ്ങൾക്ക് കുറെ കൂടെ ദൃഢത ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വലിയ കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഒത്തുപോകാൻ പറ്റുന്നില്ല എന്നും പറഞ്ഞു ധാരാളം ഡിവോഴ്‌സുകൾ ആണ് നടക്കുന്നത്. നിസ്സാരവും അപ്രായോഗികവുമായ കാരണങ്ങൾ പറഞ്ഞാണ് പെൺകുട്ടികൾ വിവാഹം കഴിക്കാതെ വർഷങ്ങൾ ആണ് കളയുന്നത്. ഒരു മാട്രിമോണിയൽ സ്ഥാപനത്തിന്റെ ഉടമ പറഞ്ഞത് ആൺകുട്ടികൾ പലതരത്തിലും ഉള്ള വിട്ടുവീഴ്ചകൾക്ക് തയ്യാറാണ്; പക്ഷെ പെൺകുട്ടികൾ ഒട്ടും തയ്യാറല്ല എന്നാണ്. തുടക്കത്തിൽ നല്ല ആലോചനകൾ വരുമ്പോൾ വലിയ ഡിമാൻഡ് ആണ് പെൺകുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്, അതിനനുസരിച്ചു കിട്ടാതെ വർഷങ്ങൾ കടന്നുപോകുകയും പിന്നെ കിട്ടുന്നതിനെ വിവാഹം കഴിക്കുകയോ വിവാഹം കഴിക്കാതെയോ മുന്നോട്ടു പോവുകയോ ആണ് ചെയ്യുന്നത്. മാട്രിമൊണി മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവരും സ്ഥാപന ഉടമകളും വെബ്സൈറ്റ് നടത്തുന്നവരും എല്ലാം സമാനമായ കാര്യങ്ങൾ ആണ് പറയുന്നത്. ഏതാണ്ട് 2018 ശേഷമാണ് ഈ വ്യത്യാസം കണ്ടു തുടങ്ങിയത്. 2015 നു മുൻപ് നല്ല രീതിയിൽ ധരാളം വിവാഹങ്ങൾ നടക്കുന്നുണ്ടായിരുന്നു. 


കാരണങ്ങൾ 

 1. വിവാഹവും കുടുംബജീവിതവും വലിയ ദുരന്തമായി കൗമാരക്കാരിലും  അവിവാഹിതരായ യുവതികളിലും പലയിടത്തുനിന്നും കുത്തിനിറക്കുന്നുണ്ട്. കുടുംബ പ്രശ്നങ്ങൾ കാരണം അപൂർവ്വത്തിൽ അപൂർവം നടക്കുന്ന കൊലപാതകങ്ങളും  ആത്മഹത്യകളും സാമാന്യവൽക്കരിച്ചു കൊണ്ട് ചെറുപ്പക്കാരിൽ എത്തുന്ന വാർത്തകളും സിനിമകളും സോഷ്യൽ മീഡിയയും എല്ലാം തെറ്റായ സന്ദേശം നൽകുന്നു. ഇവ കാരണം ഭൂരിഭാഗം പെൺകുട്ടികളും ഫിനാൻഷ്യൽ ഇൻഡിപെൻഡന്റ് ആയിട്ട് മതി വിവാഹം എന്ന് തീരുമാനിക്കുന്നു. 

 2. ഉന്നത വിദ്യാഭാസം നേടിയ ആൺകുട്ടികളുടെ എണ്ണം വളരെ കുറവാണ് അതുപോലെ  ഗവൺമെന്റ് ജോലി രണ്ടു ശതമാനത്തിൽ താഴെ മാത്രം പേർക്കാണ് ലഭിക്കുന്നത്  തുടങ്ങിയ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാതെ പെൺകുട്ടികളുടെ ഭാഗത്തുനിന്നും വിവാഹം നോക്കി തുടങ്ങുമ്പോൾ വലിയ ഡിമാൻഡ് വച്ച് മുന്നോട്ടുപോകുന്നത് വർഷങ്ങൾ നഷ്ടപെട്ടുപോകാനും അല്ലെങ്കിൽ ആദ്യം വന്ന നല്ല ആലോചനകൾ സ്വീകരിക്കാതെ അവസാനം ഏതെങ്കിലും മതി എന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. 

 3. വിവിധ മാട്രിമോണികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കണക്കുകൾ പരിശോധിക്കുമ്പോൾ എം.ബി.ബി.എസ്‌. കഴിഞ്ഞ പെൺകുട്ടികളുടെ എണ്ണത്തിന്റെ പകുതിയേ ആൺകുട്ടികളുടെ എണ്ണം കാണാൻ കഴിയുകയുള്ളു. അതായത് എം.ബി.ബി.എസ്‌. കഴിഞ്ഞ അമ്പത് ശതമാനം പെൺകുട്ടികൾ എം.ബി.ബി.എസ്‌. ഇല്ലാത്ത ആൺകുട്ടികളെ വിവാഹം കഴിക്കേണ്ടി വരും എന്നത് യാഥാർഥ്യമാണ്. ആ യാഥാർഥ്യം ഉൾക്കൊള്ളാതെ വിവാഹം വൈകിക്കുന്നതിൽ കാര്യമില്ല എന്നതാണ് വസ്തുത. 

 4. പെൺകുട്ടികളുടെ ഭാഗത്തുനിന്നും വിവാഹം നോക്കി തുടങ്ങുമ്പോൾ വലിയ ഡിമാൻഡ് മറ്റുള്ളവരോട് പറയുകയും ആദ്യം വന്ന നല്ല ആലോചനകൾ നിരസിച്ചതുകൊണ്ടും ഇനി അതിനേക്കാൾ നല്ല ആലോചനകൾ വന്നില്ലെങ്കിൽ നടത്താൻ കഴിയാത്തവിധം മറ്റുള്ളവരുടെ മുമ്പിൽ അഭിമാന പ്രശ്നമായി മാറുന്നു. ഇതും വിവാഹങ്ങൾ നടക്കാതിരിക്കുന്നതിനും വൈകുന്നതിനും കാരണമാകുന്നു.

 5. മുൻകാലങ്ങളിൽ രക്ഷിതാക്കളും അടുത്ത ബന്ധുക്കളും എല്ലാം മുൻകൈ എടുത്ത് ആണ് വിവാഹ ആലോചനകൾ നടത്തിയിരുന്നത്. അവയിൽ മിക്കവാറും ദാമ്പത്യ  ബന്ധങ്ങൾ കൂടുതൽ ദൃഢമായിരുന്നു. കൂട്ടായ തീരുമാനമായതുകൊണ്ടു തന്നെ യുക്തിപരമായി തീരുമാനമെടുക്കാൻ സാധിച്ചിരുന്നു. ഒറ്റയ്ക്ക് വിവാഹവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുമ്പോൾ അത് ഒരു വൈകാരിക തീരുമാനമാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. എന്നാൽ ഈ സമകാലീക കാലഘട്ടത്തിൽ പല രക്ഷാകർത്താക്കൾക്കും മക്കളെ പേടിയും ആണ് സ്വാധീനിക്കാനും കഴിയുന്നില്ല.

 6. വിവാഹത്തെ ദുരന്തമായി ചിത്രീകരിക്കുന്ന സിനിമ, സീരിയൽ, പരസ്യങ്ങൾ  തുടങ്ങിയവയുടെ സ്വാധീനം പെൺകുട്ടികളെ തെറ്റായി സ്വാധീനിക്കുന്നു. കഴിഞ്ഞ ഒരു വർഷം മുൻപും രണ്ടു വർഷം മുൻപും ഇറങ്ങിയ രണ്ട് സിനിമകൾ ജീവിത യാഥാർഥ്യങ്ങളുമായി ഒട്ടും ബന്ധമില്ലാത്തതും അപൂർവം നടക്കുന്ന കാര്യങ്ങളെ പർവ്വതീകരിച്ചും കാണിച്ചു പെൺകുട്ടികളെ വിവാഹത്തെയും കുടുംബത്തെയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നു. 

 7. വിവാഹത്തെക്കാൾ ലിവിങ് ടുഗതർ ആണ് നല്ലതെന്ന തെറ്റായ ചിന്ത കൗമാരക്കാരുടെ ഇടയിലും ചെറുപ്പക്കാരായ അവിവാഹിതരുടെയും ഇടയിൽ വർധിച്ചു വരുന്നു. ധാർമീകമോ നിയമപരമോ ആയ പ്രതിബദ്ധത ലിവിങ് ടുഗതർ ബന്ധങ്ങളിൽ ഇല്ലാത്തതുകൊണ്ട് തന്നെ ഇത് എത്തിക്കുന്നത് ഭയാനകമായ സാഹചര്യങ്ങളിലേക്ക് ആണ്. ലിവിങ് ടുഗതർ ബന്ധങ്ങളിൽ കൂടുതൽ നഷ്ടവും വേദനയും പെൺകുട്ടികൾക്കാണെന്നത് ഒരു യാഥാർഥ്യമാണ്. 

 8. വിവാഹത്തെക്കാളും കുടുംബത്തെക്കാളും ജോലിക്കും സമ്പത്തിനും പ്രാധാന്യം കൊടുക്കാൻ പ്രേരിപ്പിക്കുന്ന വിവിധ തെറ്റായ ആധുനിക ആശയങ്ങളുടെ സ്വാധീനം സ്‌കൂളുകളിൽനിന്നും കോളേജുകളിൽനിന്നും സോഷ്യൽ മീഡിയകളിൽനിന്നും മറ്റ് മാധ്യമങ്ങളിൽനിന്നും ഇവരിലേക്ക് കുത്തിനിറയ്ക്കപ്പെടുന്നു. ശരിയും തെറ്റും വിമർശനാത്മകമായി ചിന്തിക്കാതെ ഉൾക്കൊള്ളുന്നത് തെറ്റായ തീരുമാനങ്ങളിലേക്ക് എത്തിക്കുന്നു. പല ആധുനീക കുടുംബ ആശയങ്ങളും ശരിയായ ജീവിതത്തിനു ഉതകാത്തതും യാഥാർഥ്യവുമായോ പ്രായോഗിക ജീവിതവുമായോ ഒരു ബന്ധവും ഇല്ലാത്തതും കേൾക്കുമ്പോൾ പെട്ടെന്ന് ശരി എന്ന് തോന്നുന്നവയുമാണ്. 


പ്രത്യാഘാതങ്ങൾ 

 1. വൈകിയുള്ള വിവാഹം പരസ്പരം പ്രണയിക്കാനുള്ള സമയവും സാധ്യതകളും  കുറക്കുന്നു. ചെറുപ്പകാലത്തു ഉള്ള അത്രയും താല്പര്യം ഓരോ വർഷവും കഴിയുമ്പോൾ പൊതുവിൽ കുറഞ്ഞു വരുന്നതായി കാണുന്നു. ഇത് മനോഹരമായ ജീവിതത്തിലെ നല്ല വർഷങ്ങൾ നഷ്ടപ്പെടുത്തിക്കളയുന്നു. 

 2. പ്രായം കൂടുന്നതിന് അനുസരിച്ചു മനുഷ്യന്റെ സ്വഭാവവും ശീലങ്ങളും കൂടുതൽ ദൃഢമായിമാറുകയും പരസ്പരം വിട്ടുവീഴ്ച്ച ചെയ്യുന്നതിന് തടസ്സമായി തീരുന്നു. ഇത് പ്രായം കൂടി കഴിയുമ്പോൾ ജീവിത സാഹചര്യങ്ങൾ ക്രമീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. 

 3. ഓരോരുത്തരും വർഷങ്ങൾ ഇങ്ങനെ നഷ്ടപ്പെടുത്തുന്നത് വഴി അർത്ഥവത്തായ ജീവിത വർഷങ്ങളുടെ നഷ്ടം അവരവർക്കും അവരുമായി അടുത്ത എല്ലാവർക്കും ഉണ്ടാകുന്നു.

 4. ഗർഭം ധരിക്കാനുള്ള സാധ്യത ഓരോ മാസം കഴിയുംതോറും പെൺകുട്ടികളിൽ കുറഞ്ഞു വരുന്നു എന്നുള്ളത് ഒരു വസ്തുത ആണ്. ഇത് കുട്ടികൾ ഇല്ലാതിരിക്കുന്നതിനോ കുട്ടികളുടെ എണ്ണം കുറയുന്നതിനോ കാരണമാകുന്നു. 

 5. നമ്മുടെ നാട്ടിൽ ഈ അടുത്ത ഇടയായി വർദ്ധിച്ചുവരുന്ന ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകളുടെ എണ്ണവും അവയുടെ പരസ്യങ്ങളും സൂചിപ്പിക്കുന്നത് കൂടുതലും വൈകി വിവാഹം കഴിക്കുന്നത് ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കുന്നതായിട്ടാണ്. 

 6. കുട്ടികളുടെ എണ്ണം അഥവാ ഫെർട്ടിലിറ്റി റേറ്റ് കുറയുന്നതുകാരണം കേരളം വളർച്ച മുരടിക്കുന്നതിലേക്കും വയസ്സായവരുടെ എണ്ണം കൂടുകയും പ്രായം കുറഞ്ഞ ആൾക്കാരുടെ എണ്ണം കുറയുന്നതിലേക്കും അതുവഴി പത്തു വർഷം കഴിയുമ്പോൾ സാമ്പത്തിക-സാമൂഹിക മേഖലകളെ കാര്യമായി ബാധിക്കാൻ ഇടയുണ്ട്.

 7. ഇങ്ങനെ പോയാൽ നമ്മുടെ സമൂഹം പത്തുപതിനഞ്ചു വർഷം കഴിയുമ്പോൾ ലൈംഗീക അരാജകത്വത്തിലേക്ക് വഴുതി വീഴാൻ ഇടയുണ്ട്. കൂടാതെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ബന്ധങ്ങളിലും മൂല്യങ്ങളിലും വിള്ളൽ കൂടുന്നതുകൊണ്ടു മനുഷ്യർക്ക് ജീവിതം അർത്ഥരഹിതമാകാൻ സാധ്യത ഉണ്ട്. 

 8. സ്വാർത്ഥതയിൽ ഊന്നി ജീവിക്കുന്നത്കൊണ്ട് കുടുംബ ജീവിതത്തോടുള്ള മടുപ്പ് വർധിച്ചു വരുന്നതായി കാണാം. പഴയ കാലങ്ങളിൽ കുടുംബബന്ധങ്ങൾ പരസ്പര സഹകരണത്തിൽ ഊന്നിയായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാൽ ഇപ്പോൾ ഭാര്യാ-ഭർത്താക്കന്മാർ പരസ്പര ഉള്ള മത്സരം കൂടുതലും ആശയ വിനിമയം കുറഞ്ഞു വരുന്നതുമായിട്ടാണ് കാണുന്നത്. ഇത് പലകാര്യങ്ങളിലും അനൈക്യവും ശരിയായ തീരുമാനം എടുക്കുന്നതിനുള്ള ബുദ്ധിമുട്ടും വ്യക്തി ജീവിതത്തിലും കുടുംബത്തിലും ഉണ്ടാക്കുന്നു. 

 

ഈ സാഹചര്യം അതിജീവിക്കാൻ ചെയ്യേണ്ടത്

 1. വിവാഹവും കുടുംബ ജീവിതവും പ്രോത്സാഹിപ്പിക്കുന്നതിന് ക്യാമ്പയിൻ നടത്തുക.

 2. സ്‌കൂളുകളിലും കോളേജുകളിലും പ്രചാരണം നടത്തുക 

 3. പെൺകുട്ടികളുടെ പേടിയും തെറ്റിധാരണയും മാറ്റുന്നതിന് കുടുംബാരോഗ്യ വിഭാഗം ശരിയായ മുൻകൈ എടുക്കുക 

 4. ലഹരി ഉപയോഗത്തിന് എതിരെ പരസ്യ പ്രചാരണം നടത്തിയപോലെ വിവാഹത്തിന്റെ പ്രാധന്യത്തെയും കുറിച്ച് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുക. 

 5. കുട്ടികളും രക്ഷകർത്താക്കളും വിവാഹത്തിന്റെ പ്രാധാന്യത്തെ കുറിച്ചു വേണ്ട അവബോധം ഉണ്ടാക്കുക. 

 

ഈ വിവാഹപ്പേടി കാരണം ചില പെൺകുട്ടികൾ വിവാഹം വേണ്ട എന്ന് വയ്ക്കുന്നു, മറ്റുചിലർ വൈകിപ്പിക്കുന്നു, മറ്റു ചിലർ വിവിധ പ്രൊപ്പോസലുകൾ നോക്കി നിരാകരിച്ചു, നിരാകരിച്ചു ഉറപ്പിക്കാൻ ധാരാളം സമയം നഷ്ടപ്പെടുത്തി കളയുന്നു. മറ്റുചിലർ വിവാഹപ്പേടിയോടെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചാലും വേണ്ടുന്ന രീതിയിൽ വിവാഹത്തെ ഉൾകൊള്ളാൻ കഴിയാത്തത് കാരണം ജീവിതം ദുരിത പൂർണമാകുന്നു.  ആയതിനാൽ വിവാഹപ്പേടി എന്ന അപ്രിയ യാഥാർഥ്യം നമ്മുടെ സമൂഹം ഉൾക്കൊണ്ട് നാം ഓരോരുത്തരും വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ വരും തലമുറയുടെ ജീവിതം വളരെ സങ്കീർണമാകാനാണ് സാധ്യത. 


Thanks to all contributors. 


Nithin A.F.

Consultant Psychologist 

SUT Hospital, Pattom, Trivandrum.

Mob: 9496341841 

Email: nithinaf@gmail.com 

www.NithinAF.blogspot.com


21/06/2023

No comments: