Article No. 56. ലഹരിയും മാനസീക ആരോഗ്യവും

ലഹരിയും മാനസീക ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നല്ല മാനസീക ആരോഗ്യം ഉള്ള ഒരാൾ ലഹരികൾക്ക് അടിമപ്പെടാനുള്ള സാധ്യത കുറവാണു. അതുപോലെ തന്നെ ലഹരിയുടെ ഉപയോഗം മാനസീക രോഗങ്ങൾക്ക് കാരണമാകുന്നു. പലതരത്തിലുള്ള ലഹരികൾ നമുക്ക് കാണാൻ സാധിക്കും; ഡ്രഗ്സ്, മദ്യം, ഗാംബ്ലിങ്, ഓൺലൈൻ വീഡിയോ ഗെയിം, പ്രെസ്ക്രിപ്ഷൻ ഡ്രഗ്സ്, ഷോപ്പിംഗ്, സെക്സ്, ഫുഡ്, ഇന്റർനെറ്റ് തുടങ്ങിയവ. ഇതിൽ ഏറ്റവും കൂടുതൽ ഇന്ന് നമുക്ക് ചുറ്റും ബാധിക്കുന്നത് ഡ്രഗ്സ്, മദ്യം, ഓൺലൈൻ ഗെയിം മുതലായവ ആണ്. ലഹരി ഒരു വ്യക്തിയുടെ സ്വാഭാവിക മാനസീക നില തെറ്റിക്കുന്നതിനു കാരണമാകുന്നു. അത് അവരുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും കർത്തവ്യങ്ങളിൽ നിന്നും മാറിനിൽക്കുന്നതിനും മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപെടുന്നതിനും കാരണമാകുന്നു. 

 

 ലഹരിക്ക് അടിമപ്പെടുന്നത് കുറയ്ക്കണമെങ്കിൽ വളരെ ആഴത്തിലുള്ള പ്രവർത്തനം അത്യാവിശ്യമാണ്. അല്ലാതെ റോഡ് ബ്ലോക്ക് ചെയ്ത്‌ ഫ്ലാഷ് മൊബ് നടത്തിയത് കൊണ്ടോ മനുഷ്യ ചങ്ങല സംഘടിപ്പിച്ചതുകൊണ്ടോ സെലിബ്രിറ്റികളെ കൊണ്ട് ലക്ഷങ്ങൾ മുടക്കി ക്യാമ്പയിൻ ചെയ്തതുകൊണ്ടോ മറ്റു സപ്ലൈ ലെവലിൽ ലഹരിപദാർത്ഥങ്ങൾ നിയന്ത്രിച്ചതുകൊണ്ടോ ലഹരി ഉപയോഗം നിയന്ത്രിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഡിമാൻഡ് എവിടെയുണ്ടോ അവിടെ സപ്ലൈ ഓട്ടോമാറ്റിക് ആയി നടക്കും എന്ന അടിസ്ഥാനപരമായ ഇക്കണോമിക് പ്രിൻസിപ്പിൾ ഇവിടെ ഓർക്കേണ്ടതാണ്.  പകരം ലഹരിയുടെ ഡിമാൻഡ് ലെവലിൽ വേണ്ടുന്ന സ്വാധീനം ചെലുത്താൻ സാധിച്ചാലേ ഈ പ്രശ്നത്തിന് പരിഹാരം കണ്ടുപിടിക്കാൻ സാധിക്കുകയുള്ളു. 

 

 ലഹരി ഉപയോഗത്തിനുള്ള കാരണങ്ങൾ ഡിമാൻഡ് ലെവലിൽ പലത് ആണ്. അവയിൽ ചിലതാണ്; ജീവിക്കുന്നത് ആസ്വദിക്കുന്നതിനും സുഖിക്കുന്നതിനും മാത്രം ആണെന്ന ചിന്ത എപ്പൊഴും ആനന്ദത്തിൽ ഇരിക്കുന്നതിന് പ്രേരിപ്പിക്കുന്നു ഇത് ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗം തുടങ്ങുന്നതിനു കാരണം ആകുന്നു. രണ്ടാമതായി കുടുംബ ബന്ധങ്ങൾ പ്രവർത്തനക്ഷമമല്ലാതെ ആകുമ്പോഴും ലഹരിയിലേക്കു ഉള്ള വഴികൾ തേടും. മൂന്നാമതായി മറ്റുള്ളവരുമായി തന്നെ താരതമ്യം ചെയ്തു സ്വയം നിരാശയിലേക്ക് പോകുന്ന അവസ്ഥയും ലഹരിക്ക്‌ ഒരു വിളനിലമാണ്. കൂടാതെ കുട്ടികളെ വിദ്യാഭാസപരവും തൊഴിൽ പരവുമായ കാര്യങ്ങൾക്ക് കൂടുതലായി അവരുടെ പരിമിതികളും കുറവുകളും പരിഗണിക്കാതെ ഉള്ള മാതാപിതാക്കളുടെ സമ്മർദ്ദം ലഹരിക്ക്‌ കാരണമാകുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മിക്കവാറും കേസുകളിൽ പൊതുവിൽ കാണുന്ന ഒരു കാര്യം കാര്യക്ഷമവും പ്രവർത്തനക്ഷമവും അല്ലാത്ത അവരുടെ കുടുംബബന്ധങ്ങൾ ആണ്. ഈ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടുന്ന ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടായാൽ തീർച്ചയായും ലഹരിയെ ഒരു നല്ല അളവിൽ നിയന്ത്രിക്കാൻ സാധിക്കും. 

 

Nithin A.F.

Consultant Psychologist,

SUT Hospital, Pattom.

No comments: