Article No. 71 ദൈവത്തെ ഉണ്ടാക്കിയത് ആരാണ്?

 

ദൈവത്തെ ഉണ്ടാക്കിയത് ആരാണ്? എന്ന ചോദ്യം ചില നിരീശ്വര വാദികൾ ഉയർത്തുന്നുണ്ട്. ഈ കാണുന്ന വളരെ കോംപ്ലക്സ് ആയ പ്രപഞ്ചത്തിന്റെ ആഴത്തിലും പിന്നിലും ദൈവം ആണെങ്കിൽ; ആ ദൈവത്തെ ഉണ്ടാക്കിയത് ആരാണെന്നാണ് അവരുടെ ചോദ്യം. ചോദ്യം വളരെ പ്രസക്തം ആണെങ്കിലും ആ ചോദ്യത്തിൽ ചില പിശകുകൾ ഉണ്ട്. എന്താണ് ദൈവം എന്ന് നിർവചിക്കാതെ അല്ലെങ്കിൽ മനസിലാക്കാതെ ആണ് ആ ചോദ്യം ചോദിക്കുന്നത്. ദൈവത്തിന്റെ നിലനിൽപ്പ് (existence); മറ്റു ഉണ്ടാക്കപ്പെട്ട വസ്തുക്കളും ആയി തുലനം ചെയ്തുകൊണ്ടുള്ള ചോദ്യം തീർത്തും അർത്ഥരഹിതമാണ്.


കാരണം, എല്ലാത്തിന്റെയും നിലനിൽപ്പ് മൂന്നായി തരം തിരിക്കാം. അനിവാര്യമായ നിലനിൽപ്പും (Necessarily Existent), സ്വയം നിലനിൽപ്പും (Self Existence), സംഭവ്യമായ നിലനിൽപ്പും (Contingent Existing). നിലനിൽക്കാതിരിക്കാൻ കഴിയാത്തത് അനിവാര്യമായ നിലനിൽപ്പ്. ഉദാ: ദൈവം, അക്കങ്ങൾ, ലോജിക്കൽ സത്യങ്ങൾ, അമൂർത്ത എൻ്റിറ്റികൾ (Abstract Entities) etc. മറ്റ് ഒന്നിനെയും ആശ്രയിക്കാതെ നിലനിൽക്കുന്നതാണ് സ്വയം നിലനിൽപ്പ്. ഉദാ: ദൈവം. എന്തിന്റെയെങ്കിലും നിലനിൽപ്പ് മറ്റെന്തിനെയെങ്കിലും ആശ്രയിച്ചാണ് ഉള്ളതെങ്കിൽ അതാണ് സംഭവ്യമായ നിലനിൽപ്പ്. ഉദാ: മനുഷ്യൻ, പ്രപഞ്ചം, വീട് etc.


അതായത്, ദൈവത്തിന്റെ നിലനിൽപ്പ് അനിവാര്യമായ സ്വയം നിലനിൽപ്പാണ്. കൂടാതെ, അനിവാര്യമായി നിലനിൽക്കുന്ന ഉദാഹരണങ്ങളിൽ പറഞ്ഞിരിക്കുന്ന എല്ലാം (abstracts) പോലെ ആണ് ദൈവം എന്നല്ല, മറിച്ചു അമൂർത്തമായ വസ്തുക്കൾ/സത്യങ്ങൾ (abstract objects/truths) നിദാനമായിരിക്കുന്നത് ദൈവത്തിൽ എന്നാണ്. അതായത്‌, എല്ലാ അനിവാര്യമായ നിലനില്പുകളും സ്വയം നിലനിൽപ്പ് അല്ല.


അതുകൊണ്ട്, ദൈവത്തെ ആരും ഉണ്ടാക്കേണ്ട ആവശ്യം ഇല്ല; പുറമെ നിന്നും ഒന്നിന്റെയും ആവശ്യമോ സഹായമോ ഇല്ലാതെ സ്വയം നിലനിൽക്കുന്ന അനിവാര്യത ആണ്. ബൈബിളിൽ മോസസും ദൈവവുമായുള്ള സംഭാഷണത്തിൽ ദൈവത്തിന്റെ പേര് ചോദിക്കുമ്പോൾ പറയുന്ന മറുപടി വളരെ ശ്രദ്ധേയമാണ് - “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു (I AM THAT I AM)”. ആയതിനാൽ ‘ദൈവത്തെ ഉണ്ടാക്കിയത് ആര്’ എന്ന ചോദ്യം അതിലെ വാക്കുകളുടെ അർഥം പൂർണമായും മനസിലാക്കാതെ ആണ് ചോദിക്കുന്നത്.


ദൈവത്തെ ഉണ്ടാക്കിയത് ആരെന്ന ചോദ്യം തന്നെ ദൈവത്തിന്റെ ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്. ഒരു നിരീശ്വരവാദി ദൈവത്തെ ഉണ്ടാക്കിയത് ആരെന്ന ചോദ്യം ഉയർത്തുമ്പോൾ ദൈവം ആവശ്യമാണെന്ന് അവർ അംഗീകരിക്കുക ആണ് ചെയ്യുന്നത്. തുടർന്ന് അവർ നിരാകരിക്കുന്നതിനെ എന്തെന്ന് അറിയാതെയോ മനപ്പൂർവ്വമായോ നിരാകരിക്കുന്നു.


അതുകൊണ്ട്, ദൈവത്തെ ഉണ്ടാക്കിയത് ആര്? എന്ന് ചോദിക്കുന്നത് = ബ്രഹ്മചാരികൾ എല്ലാം വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്? എന്ന് ചോദിക്കുന്നത് പോലെ ആണ്.

No comments: